നാരായണീയം ദശകം - 73

 

മധുരാപ്രസ്ഥാനവർണ്ണനം .


🕉🕉1🕉🕉


നിശമയ്യ തവാഥ യാനവർത്താം ദൃശമാർത്താഃ പശുപാലബാലികാസ്താ കിമിദം കിമിദം കഥം ന്വിതീമാ സമവേതാ പരിദേവിതാന്യകുർവ്വന് || 1 || 



അനന്തരം നിന്തിരുവടിയുടെ മഥുരാപുരിയിലേക്കുള്ള യാത്രയെപറ്റിയെ വർത്തമാനത്തെ കേട്ടിട്ട് ആ ഗോപകന്യകമാർ ഏറ്റവും ദുഃഖിതരായി ; ഇവർ ഒന്നിച്ചുചേർന്നു ഇതെന്താണ് ? ഇതെന്താണ് ? എന്നിങ്ങിനെ വിലാപങ്ങൾ തുടങ്ങി . 


🕉🕉2🕉🕉


കരുണാനിധിരേഷ നന്ദസൂനു കഥമസ്ഥാൻ വിസൃജേദനന്യനാഥാം ? ബത ! നഃ കിമു ദൈവമേവമാസീത് ഇതി താസ്താദ് ഗതമാനസാ വിലേപുഃ || 2 ||


 ദയാനിധിയായിരിക്കുന്ന ഈ നന്ദാത്മജൻ മറ്റൊരു ശരണമില്ലാത്തവരായിരിക്കുന്ന നമ്മളെ എങ്ങിനെ വിട്ടിട്ടു പോകും ? നമ്മുടെ വിധി ഇങ്ങിനെയായിത്തീർന്നുവല്ലൊ കഷ്ടംതന്നെ ?! എന്നിങ്ങിനെ നിന്തിരുവടിയിൽ ലയിച്ച് മനസ്സോടുകൂടിയവരായ ആ സുന്ദരിമാർ വിലപിച്ചു . 


🕉🕉3🕉🕉

ചരമപ്രഹരേ പ്രതിഷ്ഠമാന സഹ പിത്ര നിജമിത്രമണ്ഡലെശ്ച പരിതാപഭരം നിതംബിനീനാം ശമയിഷ്യൻ വ്യമുചഃ സഖായമേകം || 3 ||



 രാത്രിയുടെ അവസാനത്തിൽ അച്ഛനായ നന്ദഗോപനോടും തന്റെ സ്നേഹിതന്മാരോടുംകൂടി പുറപ്പെടുന്നവനായ നിന്തിരുവടി ഗോപാംഗനമാരുടെ വർദ്ധിച്ച വ്യസനത്തെ ശമിപ്പിക്കുന്നതിന്നായി ഒരു സ്നേഹിതനെ പറഞ്ഞയച്ചു . 


🕉🕉4🕉🕉

അചിരാദുപയാമി സന്നിധിം വോ ഭവിതാ സാധു മയവ സംഗമശ്രീ : അമൃതാംബുനിധൗ നിമജ്ജയിഷ്യ ഭൂതിമിത്യാശ്വസിതാ വധൂരകാർഷിഃ || 4 ||



 നിങ്ങളുടെ അടുക്കലേക്കു താമസിയാതെതന്നെ ഞാൻ വരാം . എന്നോടുകൂടിത്തന്നെ സംഗമസൗഖ്യം നിങ്ങൾക്കു വഴിപോലെ സംഭവിക്കുന്നതാണ് . അമൃതസമുദ്രത്തിൽ ഉടനെതന്നെ മുഴുകിക്കാം എന്നിങ്ങിനെ ഗോപാംഗനമാരെ ആശ്വസിപ്പിച്ചു . 


🕉🕉5🕉🕉


സവിഷാദഭരം സയാചമുച്ചെ അതിദൂരം വനിതാഭിരീക്ഷ്യമാണ മൃദു തദ്ദിശി പാതയന്നപാംഗാൻ സബലോകക്രൂരരഥന നിർഗ്ഗതോ f ഭൂഃ || 5 || 


വർദ്ധിച്ച വ്യസനത്തോടും പ്രാർത്ഥനയോടും തലയുയർത്തി വളരെ ദൂരത്തോളം സ്ത്രീകളാൽ ദർശിക്കപ്പെടുന്നവനായി അവര് നിന്നിരുന്ന ദിക്കിലേക്കായി മന്ദമായി കടാക്ഷങ്ങളെ വർഷിച്ചുകൊണ്ടു ബലരാമനോടുകൂടിയ നിന്തിരുവടി അക്രൂരന്റെ തേരിൽ കയറി യാത്രയായി .


🕉🕉6🕉🕉



അനസാ ബഹുലേന വല്ലവാനാം മനസാ ചാനുഗതോ j ഥ വല്ലഭാനാം വനമാർത്തമൃഗം വിഷണ്ണവൃക്ഷം സമതീതോ മധുനാതടീമയാസീഃ || 6 || 



അനന്തരം ഗോപന്മാരുടെ വളരെയേറെ വണ്ടികളാലും പ്രിയതമമാരായ ഗോപാംഗനമാരുടെ ഹൃദയങ്ങളാലും അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി ദുഃഖിക്കുന്ന മൃഗങ്ങളോടുകൂടിയതായും വിഷാദത്തോടുകൂടിയ വൃക്ഷങ്ങളോടുകൂടിയതായുമിരിക്കുന്ന വൃന്ദാവനത്തെ കടന്നു യമുനാനദീതീരത്തെ പ്രാപിച്ചു . 


🕉🕉7🕉🕉

നിയമായ നിമജ്യ വാരിണി ത്വാം അഭിവീക്ഷ്യാഥ രഥേനേപി ഗാന്ദിനേയം വിവശോകജനി , കിം ന്വിദം വിഭോസ്ലേ നനു ചിത്രാം ത്വവലോകനം സമന്താത് ! || 7 ||



 അക്രൂരൻ നിത്യകർമ്മം ചെയ്യുന്നതിനായി യമുനാനദീജലത്തിലിറങ്ങി സ്നാനംചെയ്യവേ നിന്തിരുവടിയെ അവിടേയും അനന്തരം തേരിലും ദർശിച്ചിട്ട് ആശ്ചർയ്യഭരിതനായി ഭവിച്ചു . പ്രഭുവായ അങ്ങയുടെ അകത്തും പുറത്തും സാർവ്വത്രികമായ ഈ ദർശനം ആശ്ചര്യകരംതന്നെയല്ലെ ! 


🕉🕉8🕉🕉

പുനരേഷ നിമജ്ജ്യ പുണ്യശാലീ പുരുഷം ത്വാം പരമം ഭുജംഗഭോഗേ അരികംബുഗദാംബുജൈ \ രന്തം സുരസിദ്ധൗഘപരീതമാലുലോകേ || 8 ||


 സുകൃതംചെയ്തവനായ ഈ അക്രൂരൻ വീണ്ടും മുങ്ങിയപ്പോൾ നിന്തിരുവടിയെ ആദിശേഷതലത്തിൽ ചക്രം , ശംഖം , ഗദ , പങ്കജം എന്നിവയാൽ പ്രശോഭിക്കുന്നവനും സുരസിദ്ധസംഘങ്ങളാൽ പരിസേവിക്കപ്പെട്ടവനുമായി പരമപുരുഷസ്വരൂപത്തിൽ ദർശിച്ചു .


🕉🕉9🕉🕉


സ തദാ പരമാത്മ സൗഖ്യസിന്ധ വിനിമഗ്നഃ പ്രണുവൻ പ്രകാരഭേദൈഃ അവിലോക്യ പുനശ്ച ഹർഷസിന്ധാ അനുവൃത്താ പുളകാവൃതോ യയ ത്വാം || 9 ||



 ആ അക്രൂരൻ അപ്പോൾ പരമാനന്ദസമുദ്രത്തിൽ മുഴുകിയവനായ് സഗുണനിർഗുണഭേദങ്ങളാൽ സ്തുതിച്ചുകൊണ്ട് പിന്നീടു ആ സ്വരൂപത്തെ കാണതായപ്പോൾ ആനന്ദസമുദ്രത്തിന്റെ അനുവർത്തനംകൊണ്ട് രോമാഞ്ച മണിഞ്ഞവനായി നിന്തിരുവടിയുടെ അടുക്കലേക്കു തിരിച്ചുവന്നു . 


🕉🕉10🕉🕉


കിമു ശീതളിമാ മഹാന് ജലേ ? യത് പുളകോസാവിതി ചോദിതേന തേന അതിഹർഷനിരുത്തരേണ സാർദ്ധം രവാസി പാവനേശ ! പാഹി മാം ത്വം . || 10 || 



വെള്ളത്തിൽ വളരെ തണുപ്പുണ്ടായിരുന്നുവോ ? ഈ രോമാങ്ങൾ തണുപ്പുകൊണ്ട് ഉയർന്നുനിൽക്കുന്നതിനായി കാണപ്പെടുന്നുവല്ലോ എന്നിങ്ങിനെ ചോദിക്കപ്പെട്ടവനായി സന്തോഷാധിക്യത്താൽ മറുപടി പറയുവാൻ സാധിക്കാത്തവനായിരിക്കുന്ന ആ അക്രൂരനോടുകൂടി തേരിലിരുന്നരുളുന്ന നിന്തിരുവടി ഹേ ഗുരുവായൂരപ്പ ! എന്നെ രക്ഷിച്ചാലും . 

🕉🕉🕉

ഭഗവതോ മധുരപ്രസ്ഥാനവർണ്ണനം എന്ന എഴുപത്തിമൂന്നാം ദശകം സമാപ്തം . ആദിതം ശ്ലോകാ 750

Comments

Popular Posts